logo img

രഘുരാജപൂര്‍ എന്ന കലാ ഗ്രാമം

nbook.in a4auto.com

രഘുരാജപൂര്‍ എന്ന കലാ ഗ്രാമം

രഘുരാജപൂര്‍ കലാപ്രേമികളുടെ സ്വപ്‌ന ഭൂമിയാണ്‌. ഒഡീഷയിലെ പുരി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ ഗ്രാമം കലാരൂപങ്ങളുടെയും ശില്‌പങ്ങളുടെയും തുറന്ന കാഴ്‌ച്ചബംഗ്ലാവ്‌ തന്നെയാണ്‌. ഏകദേശം നൂറിലധികം കുടുംബങ്ങളാണ്‌ ഈ ഗ്രാമത്തിലുള്ളത്‌. അവരില്‍ ഭൂരിഭാഗവും ഏതെങ്കിലും തരത്തിലുള്ള കരകൗശലവേല ചെയ്‌തു ജീവിക്കുന്നവരാണ്‌. കൈകള്‍ കൊണ്ട്‌ തുണിയിലും, കടലാസിലും, പനയോലയിലും മറ്റും വിസ്‌മയങ്ങള്‍ തീര്‍ക്കുന്ന ഇവര്‍ പരമ്പരാഗത കലാകാരന്മാരാണ്‌. ഗ്രാമത്തിനു ചുറ്റും പന, മാവ്‌, തെങ്ങ്‌ തുടങ്ങിയ വൃക്ഷങ്ങളാണ്‌ അധികവും. മറ്റ്‌ മരങ്ങളിലെല്ലാം വെറ്റില വള്ളികള്‍ പടര്‍ന്നു കയറിയ തോട്ടങ്ങള്‍. ഒഡീഷയുടെ കലാ-കരകൗശല പാരമ്പര്യത്തിന്റെ സമ്പന്നമായ അടയാളപ്പെടുത്തലാണ്‌ രഘുരാജപൂര്‍. രഘുരാജപൂരിലെ പട്ടച്ചിത്രങ്ങള്‍ വളരെ പ്രശസ്‌തമാണ്‌. ഒഡിയ ഭാഷയില്‍ പട്ട എന്നാല്‍ കാന്‍വാസ്‌. ചിത്ര എന്നാല്‍ ഛായാചിത്രം. പല അടുക്കായി തുണി ഒട്ടിച്ചു ചേര്‍ത്ത്‌ കൈകൊണ്ടു തയാറാക്കുന്ന പടി എന്ന ക്യാന്‍വാസിലാണ്‌ ഈ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത്‌. ഈ കലാകാരന്മാര്‍ തന്നെ പ്രത്യേക അനുപാതങ്ങളില്‍ തയ്യാറാക്കി എടുക്കുന്ന പ്രകൃതിദത്ത ചായങ്ങളാണ്‌ ചിത്രരചനയ്‌ക്ക്‌ ഉപയോഗിക്കുന്നത്‌. പട്ടച്ചിത്ര പെയിന്റിങ്ങുകള്‍ക്ക്‌ ഒഡീഷയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്‌. പുരാണങ്ങളിലും ഇതിഹാസങ്ങളിലുമുള്ള ഭക്തകഥകളാണ്‌ മിക്കവാറും പട്ടച്ചിത്രങ്ങളുടെ ഇതിവൃത്തം. ഓരോ ചിത്രങ്ങളും അതിന്റെ ക്രമത്തില്‍ കാണുകയാണെങ്കില്‍ ആ കഥ വായിക്കുന്നതു പോലെ മനസില്‍ പതിയുന്ന രീതിയിലാണ്‌ കലാകാരന്മാര്‍ അവ വരയ്‌ക്കുന്നത്‌. ശ്രീ ജഗന്നാഥന്‍, ബലഭദ്രന്‍, സുഭദ്ര തുടങ്ങിയ ദേവീദേവന്മാരാണ്‌ പട്ടച്ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങള്‍. ഇത്തരത്തിലുള്ള ചിത്രകഥകള്‍ നിറഞ്ഞവയാണ്‌ രഘുരാജപൂരിലെ ഓരോ വീടിന്റെയും ചുമരുകള്‍. ശിലാവിഗ്രഹങ്ങള്‍, കടലാസ്‌ കളിപ്പാട്ടങ്ങള്‍, തടിയിലുള്ള കൊത്തു രൂപങ്ങള്‍, വസ്‌ത്രങ്ങളിലെ ചിത്രപ്പണികള്‍, പനയോലകളിലെ പെയിന്റിംങ്‌ തുടങ്ങിയവയാണ്‌ ഇവിടെ നിര്‍മ്മിക്കുന്ന മറ്റു കലാരൂപങ്ങള്‍. ഗ്രാമത്തിലെ കലാകാരന്മാരുടെ മുഖ്യ ജീവിത ഉപാധി ഈ കരവേല തന്നെ. രഘുരാജപൂര്‍ ഗ്രാമത്തിലെ ഓരോ കുടുംബവും ഏതെങ്കിലും തരത്തിലുള്ള കരകൗശല വേലകള്‍ ചെയ്യുന്നവരായിരിക്കും. ഏഴും എട്ടും വയസുള്ള കൊച്ചു കുട്ടികള്‍ പോലും സ്വയം പട്ടപെയിന്റിംങ്‌ ജോലികള്‍ ചെയ്യുന്നതു കണ്ടാല്‍ നാം അമ്പരന്നു പോകും. വിവിധ സന്നദ്ധ സംഘടനകള്‍ വഴിയാണ്‌ ഈകലാകാരന്മാര്‍ തങ്ങളുടെ ഉത്‌പ്പന്നങ്ങള്‍ വിപണിയില്‍ വില്‌ക്കുന്നത്‌. ഗ്രാമത്തില്‍ തന്നെ ധാരാളം സന്നദ്ധ സംഘടനകള്‍ ഈ ഉത്‌പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പരിശീലനം നല്‌കുകയും, ഈ മേഖലയെ പ്രോത്സാഹിപ്പിക്കുകയും ഇവ വിപണനം നടത്തുകയും ചെയ്യുന്നു. സംസ്ഥാനത്തിനകത്തും പുറത്തും നടക്കുന്ന പ്രദര്‍ശന മേളകളില്‍ ഈ കലാകാരന്മാര്‍ പങ്കെടുത്ത്‌ കരകൗശല ഉത്‌പ്പന്നങ്ങള്‍ നേരിട്ടും വിറ്റഴിക്കുന്നു. പ്രാചീന ഒഡീസി നൃത്ത രൂപമായ ഗോട്ടിപുവയ്‌ക്കും രഘുരാജപൂര്‍ പ്രശസ്‌തമാണ്‌. പ്രശസ്‌ത ഒഡിസി നൃത്താചാര്യന്‍ പരേതനായ പത്മാഭിഭൂഷണ ഗുരു കേളുചരണ്‍ മഹാപത്ര ഈ ഗ്രാമത്തിലാണ്‌ ജനിച്ചതും വളര്‍ന്നതും. ഗോട്ടിപുവ നൃത്തത്തില്‍ പെണ്‍കുട്ടികളായി കൗമാരക്കാരായ ആണ്‍കുട്ടികള്‍ വേഷമിട്ട്‌ ചുവടുകള്‍ വയ്‌ക്കുന്നു. ഇപ്പോള്‍ ഈ ഗ്രാമത്തില്‍ നിന്നുള്ള ഗോട്ടിപുവ കലാകാരന്മാര്‍ രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളില്‍ ഈ കലാരൂപം അവതരിപ്പിച്ചു വരുന്നു. വിദേശികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു സഞ്ചാരികളാണ്‌ ഓരോ വര്‍ഷവും രഘുരാജപൂര്‍ സന്ദര്‍ശിച്ചു മടങ്ങുന്നത്‌. അമേരിക്ക, ഇംഗ്ലണ്ട്‌, ചൈന, നേപ്പാള്‍, ജപ്പാന്‍, ഇറ്റലി തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നെല്ലാം വിനോദ സഞ്ചാരികള്‍ രഘുരാജപൂര്‍ തേടി എത്തുന്നു. ഒഡീഷയുടെ സമ്പന്നമായ കലാ കരകൗശല പാരമ്പര്യത്തിന്റെ ചിത്രങ്ങള്‍ മനസില്‍ പകര്‍ത്തി അവര്‍ മടങ്ങുന്നു. സ്വന്തം വീടുകളില്‍ ഇരുന്ന്‌ കലാരൂപങ്ങള്‍ നിര്‍മ്മിക്കുന്ന ഈ കലാകാരന്മാര്‍ സ്വയം പര്യാപ്‌തരാണ്‌. അവര്‍ക്ക്‌ വേറെ തൊഴില്‍ അന്വേഷിച്ചു പോകേണ്ട ആവശ്യമില്ല. യഥാര്‍ത്ഥ ഉള്‍നാടന്‍ വിനോദസഞ്ചാര കേന്ദ്രമായി ഈ ഗ്രാമം മാറിയിരിക്കുന്നു. ഒരു പക്ഷെ ഇന്ത്യയില്‍ മറ്റ്‌ ഒരു ഗ്രാമത്തിലും ഇത്രയധികം കലാരൂപങ്ങള്‍ ഒരുമിച്ചു കാണുക അസാധ്യമായിരിക്കും, രഘുരാജപൂരിലല്ലാതെ.

Courtesy;Anweshanam.com

Subscribe to our newsletter

We will shoot you the recent blogs right in to your inbox.